ഇ കെ അയമുവും കിഴക്കനേറനാടും മുന്നോട്ട് വെച്ച മാനവികതയുടെ സന്ദേശം പുതിയ തലമുറയ്ക്ക് വേണ്ടി പകർന്നു വെക്കുക എന്ന ലക്ഷ്യത്തോടെയാണ് ചോപ്പ് എന്ന സിനിമ രൂപപ്പെടുന്നത്.
ഇ കെ അയമുവിൻ്റെ അരങ്ങും അണിയറയും പ്രമേയമാക്കി 1920 മുതൽ 1970 വരെയുള്ള കിഴക്കൻ ഏറനാടിൻ്റെ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിലൂടെ ഈ കാലത്തിന് ഏറെ പ്രസക്തമായതും ഉയർത്തിക്കൊണ്ടു വരേണ്ടതുമായ ഒരാശയം അവതരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ചോപ്പ് എന്ന ചിത്രത്തിന് തുടക്കം കുറിക്കുന്നത്.
എന്നാൽ അയമുക്കാനെ കുറിച്ചും ആ കാലത്തെ കുറിച്ചും ഒപ്പമുണ്ടായിരുന്ന മറ്റു പ്രതിഭകളെ കുറിച്ചുമൊക്കെ അടുത്തറിയാൻ തുടങ്ങിയപ്പോഴാണ് ഇത് ഏറെ ശ്രമകരമായ ഒരു ദൗത്യമാണെന്ന് തിരിച്ചറിഞ്ഞത്.
Cast and crew of Choppu Movie : Choppu Screenplay Direction : Rahul Kaimala Banner : Gateway Cinemas Producer : Manu Gateway. Story Dialouges : Viswam K Azhakath Executive Producer: George Kolambil, Tom Jacob Cinematography: Prasanth Pranavam Music: PJ Editing: Zian Sreekanth Chief Associate Director: Gireesh Karthaparambu Lyrics : Murukan Kattakada, Viswam K Azhakath, Biju R Pilla, K G Unneen, Mastan K V Aboobacker Ponnani Art Director calligraphy : Manu Kallikad Makeup : Punalur Ravi Costume : Reghunath Manayil Stills: Jayan Thillankery Desighn : Mansoor Cherooppa Cast Kottayam Nazeer, Sanil Mattannur, Nilambur Ayisha, Vijayalakshmi Balan, Ayisha Ayamu, Sarayu Mohan, Tom Jacob, Mamukkoya, Anoop Sivasevan, Prakash Chengal, Pradeep Balan, Jayan Cherthala, Zian Sreekanth, Banna Chennamangallur, Sivadas Mattannur, Manu Kallikkad, Reejesh Thampuran, Pradeep Malavika, Mania Raheem, Sree Veshkar, Kollam Sha, Murukan Kattakada, Satheesh kotheri, Suresh Thiruvali, Nila, Janani Ramesh, Aashvi Prajith, Master Hrithik Raj, Rehan Abdulla, Sini Zeya, Ranjana Prajith, Geetha Manu, Indira, Sumithra, Seema Rajagopal, Meera Manoharan, Aswathi c Thiruvali, MRC, Satheesh kalabhavan, Muhammed Perambra, Mirshad Salma, Akshay, Shivakanth, Sasi Machoor, Dinesh karasseri, Santhosh Thachanna, Vinod Nisari, Padman Pantheerankavu, Khaleel Imbichibava, Rajeev Naduvanad, PJ, Sujan Kumar, Manoharan Vellilode, Mohan Rangashila, Jaison Jack, Pradeep Keloth, Balakrishnan koodali, Anand, K K Keettukandy, Sudev Ghosh, Rajagopal KV, Dinesh Kumar, Mavoor, Aravind Raja, Rakesh Naduvil, Rameshan Payam, Pankajakshan master, Kolath vijayan, Devika Radhakrishnan, Gawri M, Niya banuprakash, Vaidoorya Anoop, Sreeya Thulasidas, Sreelakshmi Thulasidas, Rayid bin Riyas PV, Badi al zaman, E Padmakshan, Kareem PuliaKallu, Markose Edakkara, Gireesh Illathuthazham, Mokavoor shaji, Wilson Samuel, Dr hemanth Kumar, K R Mohandas, Mukkom Vijayan, Satheesh K Satheesh, O P Suresh, Basheer chungathara, P K Parakkadavu, A K Balan, P V Anvar.
ഒറ്റ നാടകം കൊണ്ട് നാടിനെ മാറ്റി പണിത കർമ്മയോഗി- വിപ്ലവകാരി! 1927 ൽ നിലമ്പൂർ എരഞ്ഞിക്കൽ തറവാട്ടിൽ ജനിച്ച ഇ കെ അഹമ്മദ് എന്ന ഇ കെ അയമു.
സംഘർഷ പൂരിതമായ അരങ്ങുകൾ. സമുദായം ഒന്നടങ്കം എതിർത്തപ്പോൾ കാൽവിറക്കാതെ അവർക്കിടയിൽ നടന്ന കലാകാരൻ.കമ്മ്യൂണിസ്റ്റ്. അദ്ദേഹം രചിച്ച രംഗ പാഠം ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് കൊടുങ്കാറ്റായി. ആ കാലത്തെ വായിക്കുമ്പോൾ കാണാം മനുഷ്യനെ മനുഷ്യനാക്കാൻ യത്നിച്ച ഒരപൂർവ്വ ജീവിതം.
ഒരു മൗലിക സൃഷ്ടിക്ക് കരുത്തേകാൻ പറ്റിയ സാമൂഹിക പരിതസ്ഥിതി നിലനിന്നിരുന്ന കാലഘട്ടമായിരുന്നു 1950 കൾ.നാടക പണ്ഡിതനല്ലെങ്കിലും മൗലിക പ്രതിഭ, അയമുവിന് എഴുതാതിരിക്കാൻ പറയാതിരിക്കാൻ കഴിഞ്ഞില്ല.
സാമൂഹിക പുരോഗതിയെ തടയുന്ന നാടുവാഴി പൗരോഹിത്യ ശക്തി ഒരു വശത്ത്. മാറ്റത്തിൻ്റെ നിയാമക ശക്തികളായ അദ്ധ്വാന വർഗ്ഗം മറുവശത്ത്. ഈ സമരാഗ്നിയിൽ നിന്നാണ് അയമു ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് എന്ന നാടകത്തിൻ്റെ കഥാബീജം തേറ്റിയെടുത്തത്.
ഏറനാടിൻ്റെ സാമൂഹ അവസ്ഥയോട് തലയിൽ കലയും നെഞ്ചിൽ മാനവികതയും ജ്വലിച്ചു നിന്ന അയമുവിൻ്റെ പ്രതികരണം. അതായിരുന്നു ജ്ജ് നല്ലൊരു മന്സനാകാൻ നോക്ക് എന്ന നാടകം.
നാടകത്തിന് കലക്ക് സർവ്വോപരി മാനവികതയ്ക്ക് ജീവിതം ബലി നൽകിയ സാംസ്ക്കാരിക നവോത്ഥാന നായകൻ. ജാഡകളും നാട്യങ്ങളും അനുശീലിക്കാൻ മനസ്സില്ലാത്തതിനാൽ ജീവിതത്തിൽ പരാജയപ്പെട്ടവൻ. നാടക ചരിത്രത്തിൽ ഇടം നേടാത്തവൻ. നിലംമ്പൂർ വാസികൾക്ക് പോലും യാഥാർത്ഥ്യം അറിയപ്പെടാത്ത പാവം ഗ്രാമീണ പച്ചയായ മനുഷ്യൻ. അതു കൊണ്ടു തന്നെ രക്തം ഛർദ്ദിച്ച് 1967ൽ അരങ്ങൊഴിഞ്ഞ നാടക പ്രതിഭ ഇ കെ അയമുവിൻ്റെ നാടകവും ജീവിതവും പറയുന്ന ബയോപ്പിക്ക് ആവുകയാണ് ചോപ്പ് എന്ന സിനിമ.
ഇ കെ അയമുവിനൊപ്പം കെ ജി ഉണ്ണീൻ, നിലമ്പൂർ ബാലൻ, മാനു മുഹമ്മദ്, ഡോ ഉസ്മാൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, കുഞ്ഞാലി അങ്ങനെ മനുഷ്യനു വേണ്ടി പ്രയത്നിച്ച ഒരു പിടി മനുഷ്യരെ കൂടി കണ്ണി ചേർത്തു കൊണ്ട് ചോപ്പിൻ്റെ ഭൂമിക രൂപപ്പെടുന്നു. അപ്പോഴും ഒരു സിനിമയ്ക്ക് ആവശ്യമായത് ചരിത്രത്തിലേക്ക് സന്നിവേശിപ്പിക്കുകയല്ല മറിച്ച് ചരിത്രസത്യങ്ങൾ സിനിമയിലേക്ക് പകർന്നു വെക്കുകയാണ് വേണ്ടതെന്ന ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു.
“ഈ രാജ്യത്ത് എത്ര പേര് പട്ടിണികിടക്കുന്നുണ്ട്, എത്ര പേർക്ക് വീടുണ്ട്. അവരുടെയൊക്കെ പട്ടിണി മാറുമ്പൊ, അവർക്കൊക്കെ കേറികിടക്കാൻ സ്വന്തമായൊരു വീടുണ്ടാവുമ്പൊ നമ്മുടെ പട്ടിണിയും മാറും, നമുക്കും വീടുണ്ടാവും. ഭാര്യ ഖദീജയുടെ ചോദ്യത്തിന് അയമു പറഞ്ഞ മറുപാടിയാണിത്.”
ആയിഷാത്ത അയമുവിനെ പറ്റി ഇങ്ങനെ പറഞ്ഞു തുടങ്ങിയ വാക്കുകളായിരുന്നു സത്യത്തിൽ ഈ ചിത്രം തുടങ്ങാനുള്ള ഞങ്ങളുടെ ഊർജ്ജം.
അങ്ങിനെ അയമുവിനൊപ്പം അരങ്ങിലെ സ്ത്രീ പോരാളി നിലമ്പൂർ ആയിഷയുടെ കലാസമര ജീവിതം കൂടി പറയുകയാണ് ചിത്രം. പതിനാലു വയസ്സുള്ള നിലമ്പൂർ ആയിഷ അയമുവിൻ്റെ നാടകത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു. നാട് ഞെട്ടി. തുടർ കളികൾ അക്രമാസക്തം. കൂക്കി വിളി, കല്ലേറ്, വെടിവെപ്പ്, ഊരുവിലക്ക്. എല്ലാത്തിനും പിന്നിൽ പൗരോഹിത്യവും മതമൗലികവാദവും. അയമുവും ആയിഷയും കൂട്ടരും ചെറുത്തു മുന്നേറി. ചുവപ്പൻ സ്വപ്നങ്ങളെ താലോലിച്ച മലയോര ജനതയുടെ കലാ കനവുകളിലേക്ക് പൊട്ടിവീണ മിന്നൽ പിണർ ആയിരുന്നു നിലമ്പൂർ ആയിഷയെന്ന കേരള നൂർജഹാൻ. അയമുവിൻ്റെ വിഖ്യാത നാടകത്തിലൂടെ ആയിഷ കലാ രംഗത്തേക്ക് കടക്കുമ്പോൾ നിലമ്പൂരിൻ്റെ തനിമ പുതിയ ചരിത്രം രചിക്കുകയായിരുന്നു. സാസ്കാരിക നവോത്ഥാന ചരിത്രം. അടിമത്തം ഓതി പഠിപ്പിച്ച പുരുഷ മേധാശക്തിയിൽ നിന്ന് പുറത്തേക്ക് ചാടിയ നാടൻ പെണ്ണ്. അയമുവിൻ്റെ തൂലികയിലൂടെ താനായി ജീവിക്കാൻ തയ്യാറാവുന്നു. അങ്ങനെ മാനവികതയുടെ തെളിനീരൊഴുക്കാൻ പാടുപെട്ട അയമുവും ആയിഷയും അവരുടെ വ്യഥകളും ചോപ്പിൻ്റെ കേന്ദ്ര ബിന്ദുവാകുന്നു.
1921 ഉണ്ടാക്കിയ മുറിവിൻ്റെ പരിണിതഫലമായി ഏറനാട്ടിലെ മുസ്ലീംമുകൾ മിക്കവരും പോലീസ് പട്ടാള വിരോധികളായി മാറിയിരുന്നു. പോലീസിലോ പട്ടാളത്തിലോ ചേരുന്നവർ നായ്ക്കളുടെ പടയിൽ ചേർന്നതായിട്ടാണ് അവർ കരുതിയിരുന്നത്. ഈ സാഹചര്യത്തിലാണ് തനി റിബലായ അയമു പട്ടാളത്തിൽ ചേരുന്നത്. പിന്നീട് ഐക്യ കേരള പ്രസ്ഥാനം കുടിയാൻ പ്രസ്ഥാനം ഒക്കെ രൂപപ്പെട്ടപ്പോൾ രണ്ടു വർഷത്തിനു ശേഷം പട്ടാളത്തിൽ നിന്നും പിരിച്ചു വിടുന്ന തരത്തിൽ സ്വയം പ്രശ്നങ്ങളുണ്ടാക്കി ജന്മദേശത്ത് തിരിച്ച് എത്തുകയായിരുന്നു.
അതുപോലെ രണ്ടാം ലോകം മഹായുദ്ധം സൃഷ്ടിച്ച പട്ടിണി മറികടക്കാൻ മക്രോണി ഇറക്കുമതി ചെയ്യാനും കപ്പ സംഭരിച്ച് സംസ്കരിച്ച് സഹകരണ സംഘങ്ങൾ വഴി വിതരണം ചെയ്യാനും അയമു ശ്രമം നടത്തി. തുടർന്ന് കരുളായിയിൽ റേഷൻ കട തുടങ്ങി. എന്നാൽ ആളുകളുടെ സങ്കടം കണ്ട് സൗജന്യമായി സാധനങ്ങൾ നൽകി അധികം നാൾ കഴിയും മുമ്പ് ആ പ്രസ്ഥാനത്തിനും പൂട്ട് വീണു. പിന്നീടാണ് കർഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പാർട്ടിക്കും വേണ്ടി തൻ്റെ മതത്തിലെ തന്നെ അനാചാരങ്ങൾക്കെതിരെ ശബ്ദിക്കുന്ന ജ്ജ് നല്ലൊരു മന്സ്സനാകാൻ നോക്ക് എന്ന ശക്തമായ നാടകവുമായി അയമു രംഗഭൂമിയൊരുക്കുന്നത്. മനുഷ്യനാവുക എന്ന ലോകോത്തര തത്വം ആദ്യം അവതരിപ്പിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്തത് എട്ടാം തരം വരെ പഠിച്ച ഈ ഏറനാട്ടുകാരനാണ്.
അമ്പതുകളുടെ തുടക്കം കിഴക്കൻ ഏറനാടിനെ സംബന്ധിച്ചിടത്തോളം സമരങ്ങളുടെ കാലഘട്ടമായിരുന്നു. ഭൂമിക്കുവേണ്ടിയും പാട്ടം കുറച്ചു കിട്ടാനും ഒഴിപ്പിക്കലിനെതിരായും കൃഷിക്കാരും കർഷകത്തൊഴിലാളികളും രംഗത്തിറങ്ങി. കാലഹരണപ്പെടാൻ പോകുന്ന നാടുവാഴിത്ത വ്യവസ്ഥക്കെതിരായ ആ സമരത്തെ എതിർത്ത് തോൽപ്പിക്കാനുള്ള പാഴ്ശ്രമത്തിൽ പൗരോഹിത്യവും പുത്തൻ പണക്കാരും മറ്റ് പിന്തിരിപ്പൻ നാടുവാഴിത്ത ശക്തികളും അണിനിരന്നു. പാവപ്പെട്ട കൃഷിക്കാരേയും കർഷക തൊഴിലാളികളേയും അവരുടെ അവകാശ സമരങ്ങളിൽ നിന്ന് അകറ്റിനിർത്താനുള്ള ആയുധമായി അവർ മതവിശ്വാസങ്ങളേയും ഉപയോഗപ്പെടുത്തി. നാടുവാഴിത്ത പൗരോഹിത്യ ശക്തികളുടെ ഈ കൂട്ടുകെട്ടിനെതിരായി ആശയസമരം നടത്തുക എന്ന ദൗത്യമാണ് വിപ്ലവകരമായ കൊടുങ്കാറ്റുയർത്തി ജജ് നല്ലൊരു മന്സനാകാൻ നോക്ക് എന്ന നാടകത്തിലൂടെ ഇ കെ അയമു നിർവ്വഹിച്ചത്. നാടു നീളെ ബോധവൽക്കരിച്ച് നാടകം കളിച്ചത് ഏറെ എതിർപ്പുകളേയും അക്രമങ്ങളേയും ഊരുവിലക്കിനേയുമൊക്കെ നേരിട്ടുകൊണ്ട് തന്നെയാണ്. ഏതാണ്ട് രണ്ടായിരത്തി അഞ്ചൂറിലധികം വേദികളിൽ ഈ നാടകം കേരളത്തിനകത്തും പുറത്തുമായി അരങ്ങേറി.
സ്വന്തം പട്ടിണിയും കണ്ണീരും മറച്ചു വെച്ച് മറ്റുള്ളവരുടെ കണ്ണീരും പട്ടിണിയും മാറ്റാൻ ഇദ്ദേഹം ചിരിച്ചും ചിരിപ്പിച്ചും എന്നും മുന്നിലുണ്ടായിരുന്നു.
നാടകങ്ങളും പാർട്ടിയോഗങ്ങളിലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രസംഗങ്ങളും ഏകാഭിനയ പ്രകടനങ്ങളും ഒക്കെയായി ആ ജീവിതം മുന്നോട്ട് നീങ്ങി. ഇദ്ദ കഴിയാത്ത പെൺകുട്ടിയെ ജീവിത സഖിയാക്കി, അവരേയും കൊണ്ട് പരസ്യമായി സിനിമയ്ക്കും പോയി. അക്കാലത്ത് പുരോഗമന വാദികൾ പോലും ചെയ്യാൻ മടിക്കുന്ന പ്രവർത്തനങ്ങളാണ് അയമു സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയത്. അങ്ങേയറ്റം കമ്മ്യൂണിസ്റ്റായിരിക്കെ നിത്യ ജീവിതത്തിൽ അദ്ദേഹം ഖദർ മാത്രം ധരിച്ചു. ജീവിതത്തിൻ്റെ സമസ്ത മേഖലകളിലുമുള്ള ശാസ്ത്രത്തിൻ്റെ പുരോഗതിയും വളർച്ചയും അദ്ദേഹം നോക്കി കാണുകയും അത് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാനും ശ്രമിച്ചിരുന്നു. തൻ്റെ മൂന്നാമത്തെ മകൾക്ക് നിർമ്മലയെന്ന് പേരിട്ടത് വഴി സമുദായത്തിൽ നിന്നും ഏറെ എതിർപ്പുകളും നേരിട്ടു. എന്നാലും മതത്തിനും മതനേതൃത്വത്തിനും എതിരെ തളരാതെ പോരാടി. ഖുറാനിലും ഇസ്ലാമിക വിശ്വാസ സാഹിതികളിലും അഗാധമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു. അവസാനകാലത്ത് മതത്തിൻ്റെ സാമൂഹികാസ്തിത്വത്തിൻ്റെ സർവ്വ ഗ്രാഹകമായ ശക്തിയെപ്പറ്റി കുറേ കൂടി അദ്ദേഹം ബോധവാനായിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഖുറാനെ പുനർവ്യാഖ്യാനം ചെയ്യുന്ന വായനയും രചനയും നടത്തിയിരുന്നു.
കടം കൊണ്ട് നിൽക്കകള്ളിയില്ലാതായപ്പോൾ കുടകിലേക്ക് ചേക്കേറി. എന്നാൽ അവിടേയും നാടക പ്രവർത്തനങ്ങളിൽ സജീവമായി. ഇതിനിടയിൽ ദേശീയ പുരസ്ക്കാരം വരെ ലഭിച്ച കൊടിച്ചിപട്ടിയടക്കം നിരവിധ ചെറുകഥകളെഴുതി. കുടകിൽ നിന്നും തിരിച്ച് ജൻമദേശത്തെത്തിയ ശേഷം ആദ്യം എഴുതിയ നാടകമാണ് മതിലുകൾ. മനുഷ്യൻ മനസ്സിൽ കെട്ടിയ മതത്തിൻ്റെ മതിലുകൾ പൊളിക്കാനാണ് ഈ നാടകത്തിലൂടെ പിന്നീട് അദ്ദേഹം ശ്രമിച്ചത്. പിന്നെ സ്നേഹത്തിൻ്റെ വോട്ട്, ഒരു കുപ്പി സാഹിത്യം അങ്ങനെ കുറേ രചനകൾ. പല എഴുത്തുകളും പ്രസിദ്ധീകരിക്കപ്പെടാതെ വേണ്ട വിധം സംരക്ഷിക്കപ്പെടാതെ നഷ്ടപ്പെട്ടു. ചിലതൊക്കെ ആളുകൾ വായിക്കാൻ കൊണ്ടു പോയി തിരിച്ചു കൊടുക്കാതെയും നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ കേരളത്തിൻ്റെ സാമൂഹ്യ അവസ്ഥകളോട് കലകൊണ്ട് കലഹിക്കുകയും ഹൃദയത്തിൽ ജ്വലിച്ച മാനവികതയുടെ പ്രതിഫലനമായി സൃഷ്ടിക്കപ്പെട്ട അയമുക്കയുടെ രചനകളും അർഹിക്കപ്പെടേണ്ട രീതിയിൽ അടയാളപ്പെടാതെ പോയി. ഒപ്പം ഈ മനുഷ്യസ്നേഹിയും.
വാക്കും പ്രവൃത്തിയും ഒന്നാക്കിയതു കൊണ്ട് മാത്രം പരാജയങ്ങൾ ഏറ്റുവാങ്ങിയെങ്കിലും ചിരിച്ചു കൊണ്ട് നടന്നു പോയ തനി ഏറനാട്ടുകാരനെ നിഷ്കാമമായി പ്രവർത്തിച്ച നവോത്ഥാന നായകനെ ഓർമ്മപ്പെടുത്തുകയെന്ന ചരിത്രപരമായ ഒരു ദൗത്യം ഏറ്റെടുത്താണ് ചോപ്പ് പൂർത്തിയാവുന്നത്. സിനിമ അവസാനിക്കുന്നത് അയമുക്ക ജീവിതത്തിൽ അവസാനമായി പറഞ്ഞ വാക്കുകളിലൂടെയാണ്. ” ഈ മരണവേദന എന്താണെന്നറിയോ…
കൂർത്ത മുള്ളുകളുള്ള കമ്പിച്ചുരുളുകളെടുത്ത് തലയിലൂടെ കുത്തിയിറക്കി ശരീരത്തിലൂടെ കോർത്ത് കാൽപ്പാദത്തിലൂടെ വലിച്ചെടുക്കുമ്പോഴുള്ള വേദന…”
1927 ജൂലൈ ഒന്നിന് ജനിച്ച്
മനുഷ്യൻ മനുഷ്യനാകണം എന്നാഗ്രഹിച്ച പരിശ്രമിച്ച മനുഷ്യസ്നേഹിയുടെ ശബ്ദവും കർമ്മവും 1967 മെയ് 19 ന് അവസാനിച്ചു.
അയമുവിനെ കുറിച്ച് പഠിക്കുകയും സിനിമയെടുക്കാൻ ഇറങ്ങി പുറപ്പെടുകയും അതിൻ്റെ പിരിമുറുക്കത്തിൽ മാനസിക സംഘർഷങ്ങളിൽ അകപ്പെടുന്ന ഒരു ചലച്ചിത്ര സംവിധായകൻ്റെ കൂടി കഥയാവുന്നു ചോപ്പ്.
ഗെയ്റ്റ് വേ സിനിമാസ് നിർമ്മിക്കുന്ന ചോപ്പ്
രാഹുൽ കൈമല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ലോക മലയാളികൾ ഹൃദയത്തിലേറ്റു വാങ്ങിയ മുരുകൻ കാട്ടാക്കട എഴുതി പാടി അഭിനയിച്ച മനുഷ്യനാകണം എന്ന വിപ്ലവഗാനം ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. നിലമ്പൂർ ആയിഷ, വിജയലക്ഷ്മി ബാലൻ, കോട്ടയം നസീർ, സരയു, സനിൽ മട്ടന്നൂർ, ജയൻ ചേർത്തല, മാമുക്കോയ അനൂപ് ശിവസേവർ, ശിവദാസ് മട്ടന്നൂർ, കൊല്ലം ഷാ, ടോം ജേക്കബ്, സതീഷ് കലാഭവൻ, പ്രകാശ് ചെങ്ങൽ, പ്രദീപ് ബാലൻ, സതീഷ് കൊതേരി, സുരേഷ് തിരുവാലി, അഥീന, തുടങ്ങി അമ്പതോളം നാടക പ്രതിഭകളും അഭിനയിക്കുന്നു. വിദ്യാധരൻ മാഷും സിത്താരയും അടക്കം ആലപിച്ച 8 പാട്ടുകളും ഈ ചിത്രത്തിലുണ്ട്.
Synopsis: A biopic of Ayamu who loves Drama and struggle to live the life with family, played drama morethan 100 stages with famous drama “ijju nalla manushyan akan nokku”